Hotstillsupdates

0



“നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്‍റേയും കാതല്‍ “


ഇങ്ങനെ എഴുതി കാണിച്ചു കൊണ്ടാണ് രാജീവ്‌ രവിയുടെ പുതിയ സിനിമ “ഞാന്‍ സ്റ്റീവ് ലോപ്പസ്” തുടങ്ങുന്നത്. സിനിമ കഴിയുമ്പോള്‍ ഓരോ പ്രേക്ഷകനും തന്നോട് തന്നെ ചോദിക്കാനുണ്ടാവുക താന്‍ സ്റ്റീവ് ലോപ്പസാണോ എന്ന് തന്നെയാവും. ഈ സിനിമയുടെ പേരിലൂടെ/സിനിമയിലൂടെ അതിന്‍റെ സൃഷ്ടാക്കള്‍ ഉന്നം വച്ചതും അത് തന്നെയാവും. സിനിമ ബാക്കി വയ്ക്കുന്നത് ഒരു പിടി ചോദ്യങ്ങളാണ്. കണ്ടിറങ്ങുന്നവരെ പിന്തുടരുന്ന ചോദ്യങ്ങള്‍.


ഒട്ടും അസാധാരണത്വമില്ലാത്ത ഒരു ഡിഗ്രി വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ ഒരു ദിവസം ആകസ്മികമായുണ്ടാകുന്ന ഒരു സംഭവവും അതിനോടുള്ള അവന്‍റെ പ്രതികരണങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു കൊച്ചു സിനിമ. ഈ വര്‍ഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച സിനിമ എന്നതിലുപരി ഈ അടുത്ത കാലത്തുണ്ടായ മികച്ച സിനിമ.

ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രീകരണം തന്നെയാണ് സിനിമയുടെ ഏറ്റവും മികച്ച പ്രത്യേകത. ഏതാണ്ട് എല്ലാപേരും സ്വാഭാവികമായ അഭിനയം കാഴ്ച വച്ച സിനിമയില്‍ ഫര്‍ഹാന്‍ ഫാസില്‍ അരങ്ങേറ്റം ഗംഭീരമാക്കി. ഫ്രെഡി കൊച്ചച്ചന്‍, പ്രതാപന്‍ , ഹരി, സ്ടീവിന്‍റെ അച്ഛന്‍ എന്നീ വേഷങ്ങളില്‍ വന്നവരും മികച്ചു നിന്നു.


ഈ സിനിമയോടുള്ള വ്യക്തിപരമായ മറ്റൊരു ഇഷ്ടം തിരോന്തരം നഗരവും പ്രാന്ത പ്രദേശങ്ങളും അതിന്‍റെ തനിമയോടും സൗന്ദര്യത്തോടും കൂടി ആദ്യമായാണ്‌ ഒരു സിനിമയില്‍ കാണുന്നുവെന്നതാണ്. ക്യാമറ ചെയ്ത പപ്പുവിന് ഒരു സ്പെഷ്യല്‍ താങ്ക്സ്. സിനിമയുടെ ബാക്ക് ഗ്രൌണ്ട് സ്കോറും കിടിലമായിരുന്നു.


പ്രിയ രാജീവ്‌ രവി, മലയാള സിനിമയെ ഇനി ലോക സിനിമയില്‍ അടയാളപ്പെടുത്തുന്നത് താങ്കള്‍ തന്നെയാവും.

ചിലരെങ്കിലും ഈ സിനിമയോട് കാണിക്കുന്ന ഇഷ്ടക്കേടിന് കാരണം തങ്ങള്‍ക്ക് ഒരു സ്റ്റീവ് ലോപ്പസ് ആകാന്‍ കഴിയില്ല എന്നതിലുപരി ഒരു സ്റ്റീവ് ലോപ്പസിനെ സഹിക്കാന്‍ പോലും കഴിയാത്ത മാനസ്സികാവസ്ഥയാവാം. ഒന്നല്ലൊരുപാട് കാപട്യങ്ങളുടെയും ഒളിച്ചോടലുകളുടെയും ആകെ തുകയാണ് ഈ കാലത്ത് ജീവിതം. അവിടെയാണ് ഒരു സ്റ്റീവ് ലോപ്പസിന്‍റെ പ്രസക്തിയും.

നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് “ഞാന്‍ സ്റ്റീവ് ലോപ്പസ്”.


Rating :8/10.



Post a Comment

 
Top