Hotstillsupdates

0



തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ പരാതി മേരീദാസൻ പിൻവലിക്കും.

അടിമലത്തുറ സ്വദേശി മേരീദാസനും കൊച്ചുതുറ സ്വദേശി വിൽഫ്രഡുമാണ് വിഴിഞ്ഞം പദ്ധതിയെയും തീരദേശ സംരക്ഷണ നിയമത്തെയും ചോദ്യം ചെയ്ത് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. വിഴിഞ്ഞത്തിനെതിരെ ഹർജി നൽകിയവരെ വിസ്തരിക്കണമെന്ന് ഹരിത ട്രൈബ്യൂണലിൽ വിഴിഞ്ഞം തുറമുഖ കമ്പനി അപേക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ മൂന്നിന് മുമ്പ് വിശദീകരണം നൽകാൻ ഇരുവരോടും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ നിന്ന് പിൻമാറുന്നതായി ഹരിത ട്രൈബ്യൂണലിനെ അറിയിക്കുമെന്ന് വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്ന സംഘടനകളെ മേരീദാസൻ അറിയിച്ചിട്ടുണ്ട്. പള്ളി വികാരിയുടെ നിർദ്ദേശപ്രകാരം ചില രേഖകളിൽ ഒപ്പിട്ട് നൽകുക മാത്രമാണ് ചെയ്തതെന്നും കേസിന്റെ കാര്യങ്ങൾ അറിയില്ലെന്നും മേരീദാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹരിത ട്രൈബ്യൂണലിന് മുന്നിൽ ഹാജരായി വിശദീകരണം നൽകാമെന്ന് മേരീദാസൻ അറിയിച്ചതായാണ് വിവരം.


അതേസമയം, വിൽഫ്രഡ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. കേസിൽ നിന്ന് പിൻമാറുമെന്ന സൂചന ബന്ധുക്കളിൽ ചിലർ നൽകുന്നുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ മൊബൈൽ ഫോൺ സ്ഥാപനത്തിലാണ് വിൽഫ്രഡ് ജോലി ചെയ്തിരുന്നത്. അടുത്തിടെ ഇവിടത്തെ ജോലി ഉപേക്ഷിച്ചതായും പറയുന്നു. കേസിനായി ഇരുവരും ചെലവഴിക്കുന്ന പണത്തിന്റെ സ്രോതസ്, ബാങ്ക് അക്കൗണ്ടുകൾ, ഫോൺ രേഖകൾ, ഇവരുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് വിഴിഞ്ഞം കമ്പനിയുടെ നിലപാട്.



Post a Comment

 
Top